യുവാവിന് വെട്ടേറ്റ സംഭവത്തിൽ പിടിയിലായ പ്രതി ജയിൽ മോചിതനായിട്ട് ദിവസങ്ങൾ മാത്രം

തൃശൂര്‍: ദിവാന്‍ജി മൂലയില്‍ കഴിഞ്ഞ ദിവസം യുവാവിന് വെട്ടേറ്റ സംഭവത്തിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കുര്യാത്തി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്.ഇയാൾ ജയില്‍ മോചിതനായിട്ട് ഒരാഴ്ചയായില്ല. പോക്കറ്റടി, പിടിച്ചു പറി ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മഹേഷ്.

സ്ഥിരം കുറ്റവാളിയാണ് അറസ്റ്റിലായ മഹേഷെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ജയില്‍ മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സംഭവം നടന്നത് ശനിയാഴ്ച രാത്രി എട്ടു മണിയോടെ പൂത്തോളിലെ ബാറിന് സമീപമായിരുന്നു. നടന്നു വരികയായിരുന്ന ആന്ധ്രാ സ്വദേശി ബോയ രാമകൃഷ്ണക്ക് ആണ് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ ബോയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണമാണ് മഹേഷിന്റെ ഭക്ഷണം.മദ്യപിക്കാനുള്ള കാശിനാണ് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നതെന്നും പിടിച്ചു പറിക്കിടെയാവാം വെട്ടിയതെന്നുമാണ് പോലീസ് പറയുന്നത്.