ഹോട്ടൽ റിസപ്ഷനിലേക്ക് കാറിടിച്ചുകയറി ഹോട്ടൽ ഉടമ തൽക്ഷണം മരിച്ചു

പനാജി: ഹോട്ടൽ റിസപ്ഷനിലേക്ക് കാറിടിച്ചുകയറി ഹോട്ടൽ ഉടമ തൽക്ഷണം മരിക്കുകയും രണ്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോവയിലെ തീരദേശ ഗ്രാമമായ അഞ്ജുനയിലാണ് സംഭവം.അഞ്ജുന വാഗറ്ററിലെ ലാ മെയ്യർ റോമ റിസോർട്ടിലേക്ക് വരികയായിരുന്ന ഫോർഡ് എൻ‌ഡവർ എസ്‌യുവി കാറാണ് അപകടമുണ്ടാക്കിയത്.

ഹോട്ടലിന്റെ ഉടമയായ റെമീഡിയ മേരി അൽബുക്കർക് (57) ആണ് മരിച്ചത്. ഹോട്ടലിലെ ജീവനക്കാരായ ശിവ് മംഗൽ ഡിൻഡോ (22), രൂപ പരാസ് (31) എന്നിവർക്ക് പരിക്കേറ്റു.കാറിന്‍റെ ഡ്രൈവർ പൂനെയിലെ കോണ്ട്‌വയിൽ താമസിക്കുന്ന സച്ചിൻ വേണു ഗോപാൽ(42) കുറുപ്പിനെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം പൊലീസ് അറസ്റ്റ് ചെയ്തു.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് റിസപ്ഷനിലേക്ക് പാഞ്ഞുകയറിയത്. സംഭവസമയത്ത് അൽബുക്കർക്കിയും രണ്ട് ജീവനക്കാരും റിസപ്ഷൻ കൗണ്ടറിൽ ഉണ്ടായിരുന്നു.റിസപ്ഷനിലേക്ക് എസ്‌യുവി കുതിച്ചപ്പോൾ ഹോട്ടൽ ഉടമ കൗണ്ടറിന് സമീപം നിൽക്കുകയായിരുന്നു.അപകടത്തിന് കാരണമായേക്കാമെന്ന് നന്നായി അറിയാമായിരുന്നിട്ടും അശ്രദ്ധമായും അപകടകരമായ രീതിയിലുമാണ് പ്രതി തന്റെ കാർ ഓടിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിവ്ബ ദാൽവി പറഞ്ഞു.