പഞ്ചായത്തംഗത്തിന്റെ വേറിട്ട പ്രതിഷേധം കെഎസ്ഇബി യ്ക്ക് തലവേദനയായി

കൊല്ലം: വൈദ്യുതി മുടക്കം പതിവായതോടെ പല പ്രാവശ്യം പരാതി പറഞ്ഞിട്ടും കാര്യമായ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച്‌ ബിൽ ചില്ലറയായി നൽകി പഞ്ചായത്ത് അംഗം.കൊല്ലം പത്തനാപരം തലവൂർ പഞ്ചായത്ത് രണ്ടാലുംമൂട് വാർഡ് അംഗം സി രഞ്ജിത്താണ് പ്രതിഷേധസൂചകമായി വൈദ്യുതി ബിൽ ചില്ലറയായി നൽകിയത്.എണ്ണായിരം രൂപയുടെ ചില്ലറയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെക്കൊണ്ടി എണ്ണിച്ചത്.

തലവൂരിലെ വൈദ്യുതി ബിൽ അടയ്ക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കുന്ന അവസാന ദിവസമായിരുന്ന തിങ്കളാഴ്ച മേഖലയിലെ ഒമ്പതു പേരുടെ ബിൽ തുകയായ എണ്ണായിരം രൂപ ചില്ലറയാക്കി കെഎസ്ഇബിയുടെ പട്ടാഴി സെക്ഷൻ ഓഫീസിൽ നൽകുകയായിരുന്നു.ഒന്ന്, രണ്ട് അഞ്ച്, പത്ത് രൂപയുടെ നാണയങ്ങളാണ് ബിൽ തുകയായി നൽകിയത്. 325, 1500, 950 എന്നിങ്ങനെ വ്യത്യസ്തമായ ബിൽ തുകകളായിരുന്നു ഓരോ ബില്ലിലും അടയ്ക്കേണ്ടിയിരുന്നത്.

ബില്ലുകളും തുകയും പ്രത്യേകം കവറുകളിലാക്കി കെട്ടി വലിയ സഞ്ചിയിലാക്കി തോളിൽ ചുമന്നാണ് രഞ്ജിത്ത് കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തിയത്.ദിവസവും 20ൽ ഏറെ തവണ വൈദ്യുതി മുടങ്ങുന്നത് തലവൂരിൽ പതിവാണെന്ന് രഞ്ജിത്ത് പറഞ്ഞു. ഇനിയും വൈദ്യുതി മുടക്കം പരിഹരിക്കാൻ നടപടി ആയില്ലെങ്കിൽ അടുത്ത തവണ വാർഡിലെ മുഴുവൻ വൈദ്യുതി ബില്ലുകളും പിക്കപ്പ് വാഹനം വിളിച്ച് നിറയെ നാണയമായി കൊണ്ടുവരുമെന്നും സെക്ഷൻ ഓഫീസ് ജീവനക്കാരെ രഞ്ജിത്ത് അറിയിച്ചു.

കെഎസ്ഇബി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്‍റ് എഞ്ചിനിയർ മുതൽ മുഴുവൻ ജീവനക്കാരും ഒരുമിച്ചിരുന്നാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്.