തിരുവനന്തപുരം: ഓൾ ഇന്ത്യാ പെർമിറ്റിന്‍റെ മറവിൽ റൂട്ടും സമയവും നിശ്ചയിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുക്കാൻ തീരുമാനം.ടൂറിസം വികസനത്തിനായി നൽകുന്ന അഖിലേന്ത്യാ പെർമിറ്റിന്‍റെ മറവിൽ നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നൽകി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു.
റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളിലെ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയും സർക്കാർ നിശ്ചയിക്കുന്ന ബസ് ചാർജ് ഈടാക്കി സർവീസ് നടത്താൻ കോൺട്രാക്ട് വാഹനങ്ങൾക്ക് അനുവാദമില്ല.അതിനാണ് സ്റ്റേജ് കാരിയേജ് പെർമിറ്റുള്ള വാഹനങ്ങൾ.കെഎസ്ആർടിസിയേയും ആയിരക്കണക്കിന് സ്വകാര്യ ബസുകളെയും അവയിലെ ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ ചില കോൺട്രാക്ട് കാരിയേജുകൾ സ്റ്റേജ് ക്യാരിയേജുകളായി സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുൾപ്പെടെയുള്ള ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുന്നവർക്കെതിരെ ഐപിസി പ്രകാരം കേസെടുക്കാൻ പോലീസിൽ പരാതി നൽകാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.