ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റുമായി ചൈന

ബീജിംങ് : ലോകത്തിലെ ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് അവതരിപ്പിച്ചിരിക്കുന്നു ചൈന. ചൈനയിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സേവനത്തിന് സെക്കൻഡിൽ 1.2 ടെറാബൈറ്റ് ഡാറ്റ കൈമാറാൻ കഴിയും. ഈ വേഗത നിലവിലെ ശരാശരി ഇന്റർനെറ്റ് വേഗതയേക്കാൾ പത്തിരട്ടി കൂടുതലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ അടുത്തിടെ നവീകരിച്ച അഞ്ചാം തലമുറ ഇന്റർനെറ്റ് 2 നെറ്റ്‌വർക്കിലൂടെ പോലും സെക്കൻഡിൽ 400 ജിഗാബൈറ്റ്സ് എന്ന പരമാവധി വേഗത മാത്രമാണ് ലഭിക്കുന്നത്.

1.2 ടെറാബിറ്റ് ഇൻറർനെറ്റിലൂടെ വിവരങ്ങൾക്കായി അതിവേഗ പാത ഉണ്ടാവുകയാണ് ചെയ്യുന്നത്. എല്ലാവർക്കും സാധ്യതകളുടെ ഒരു പുതിയ ലോകവും ഇത് തുറക്കുന്നു. ആഗോള ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ പുതിയ നെറ്റ്വർക്കിന് സാധിക്കും. മുഴുവൻ സിനിമകളും ഡൗൺലോഡ് ചെയ്യാൻ വെറും സെക്കന്റുകൾ മാത്രം എടുക്കുന്ന, ലാഗ് ഫ്രീ വീഡിയോ കോൺഫറൻസിംഗ് മീറ്റിംഗുകൾ നടക്കുന്ന, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ ഭൗതിക തടസ്സങ്ങളെ മറികടക്കുന്ന ഒരു ലോകത്തിലേക്കുള്ള സഞ്ചാരം കൂടിയാണ് ഇത്.

ഒരു സെക്കൻഡിൽ 150 ഹൈ-ഡെഫനിഷൻ ഫിലിമുകൾക്ക് തുല്യമായ ഡാറ്റ കൈമാറാൻ ഇന്റർനെറ്റിന് സാധിക്കുമെന്ന് ഹുവാവേ ടെക്‌നോളജീസ് വൈസ് പ്രസിഡന്റ് വാങ് ലീ വ്യക്തമാക്കി.പുതുതായി ലോഞ്ച് ചെയ്ത ഇന്റർനെറ്റിന്റെ ഇൻഫ്രാസ്ട്രക്ചർ 3,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു, ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ ഒരു വലിയ ശൃംഖലയിലൂടെ ബീജിംഗ്, വുഹാൻ, ഗ്വാങ്‌ഷു എന്നീ നഗരങ്ങളിലാണ് വേഗതയേറിയ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നത്. സിംഗുവ യൂണിവേഴ്സിറ്റി, ചൈന മൊബൈൽ, ഹുവാവേ ടെക്നോളജീസ്, സെർനെറ്റ് കോർപ്പറേഷൻ എന്നിവർ ചേർന്നാണ് വേഗതയേറിയ ഇന്റർനെറ്റ് സേവനം ആരംഭിച്ചത്. ജൂലൈയിൽ ആക്ടീവ് ആയതിന് ശേഷം ഈ നെറ്റ്‌വർക്ക് കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.