തിരുവനന്തപുരം : ഏതു നായക്കും ഒരു ദിവസം വരുമെന്നു പറയുന്നത് വെറുതെയല്ല. തിരുവനന്തപുരം വർക്കലയിലാണ് ഒരു തെരുവ് നായ ഒറ്റ രാത്രികൊണ്ട് ഹീറോ ആയത്.പോലീസിനെ ആക്രമിച്ചു കടന്നുകളഞ്ഞ പ്രതികളെ പിടിയ്ക്കാൻ അതിവേഗത്തിൽ പ്രതികളുടെ പുറകെ ഓടി പിടിക്കാൻ പോലീസിനെ സഹായിച്ച് തെരുവുനായ ഹീറോ ആയി.
ഒരു വധശ്രമ കേസിലെ പ്രതിയും കൊല്ലം പരവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രതിയെയും കസ്റ്റഡിയിൽ എടുത്ത് രാത്രി 10.30ന് അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസിനെ ആക്രമിച്ചു പ്രതികൾ കടന്നുകളഞ്ഞു.പ്രതികളിൽ ഒരാൾ ബാഗിൽ സൂക്ഷിച്ചിരുന്ന വടിവാൾ വീശി സ്റ്റേഷനുള്ളിൽ പരിഭ്രാന്തി പരത്തിയാണ് രക്ഷപ്പെടുന്നത്.
രക്ഷപ്പെട്ട പ്രതികളെ പിടിയ്ക്കാനായി പിന്തുടർന്ന പോലീസിനേക്കാൾ വേഗത്തിൽ ഒരു നായ പ്രതികളെ പിന്തുടർന്നു . നായ അതിവേഗത്തിൽ ഓടി പ്രതികളുടെ അരികിൽ എത്തി. രക്ഷപെടാനായി പ്രതികൾ എങ്ങോട്ടു പോയാലും അവിടെയെല്ലാം നായ പിന്തുടർന്നു.അങ്ങനെ ഒരു രക്ഷയുമില്ലാതെ വലഞ്ഞ പ്രതികളുടെ അരികിൽ പോലീസെത്തി. പ്രതികൾ വീണ്ടും പോലീസിനെ ആക്രമിച്ചു. ആക്രമണത്തിൽ സിപിഒയ്ക്ക് പരിക്കേറ്റെങ്കിലും സാഹസികമായി പോലീസുകാർ പ്രതികളെ കീഴ്‌പ്പെടുത്തി.അയിരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ അലഞ്ഞുതിരഞ്ഞു നടന്ന ഒരു തെരുവുനായയാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചാവർകോട് സ്വദേശിയായ അനസ് ഖാനും അയിരൂർ സ്വദേശിയായ ദേവനാരയണനുമാണ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ. കൊലപാതകശ്രമം, ലഹരി വിൽപ്പന, മോഷണം, പിടിച്ചുപറി ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിയും ഒന്നരവർഷം മുൻപ് കല്ലമ്പലം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ പാരിപ്പള്ളിയിൽ വച്ചു കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയുമാണ് ചാവർകോട് സ്വദേശിയായ അനസ് ഖാൻ. ദേവനാരയണൻ അയിരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വധശ്രമ കേസിലെ പ്രതിയാണ്.