കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി(96) അന്തരിച്ചു.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലേക്ക് കൊണ്ട് പോകും.സുപ്രീം കോടതിയിലെ ആദ്യ മുസ്ലീം ജസ്റ്റിസുമായിരുന്നു ഫാത്തിമ ബീവി.പിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യ അധ്യക്ഷയും തമിഴ്നാട് ഗവർണറും ആയിരുന്നു.
ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജ്, ഗവര്‍ണര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയയായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയുടെ വേര്‍പാട് അത്യന്തം വേദനാജനകമാണ്. ഒട്ടേറെ റെക്കോഡുകള്‍ സ്വന്തം പേരിനോട് ചേര്‍ത്തുവച്ച ധീര വനിത. ഇച്ഛാശക്തിയും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ ഏത് പ്രതികൂല സാഹചര്യവും അതിജീവിക്കാം എന്നത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിത്വം. പത്തനംതിട്ടയുടെ, കേരളത്തിന്റെ അഭിമാനവും ഞങ്ങള്‍ക്കേവര്‍ക്കും പ്രചോദനവുമായിരുന്നു മാഡം. വേദനയോടെ ആദരാഞ്ജലികള്‍.
1927 ഏപ്രിൽ 30 ന് പത്തനംതിട്ടയിൽ അന്നവീട്ടിൽ മീർ സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായാണ് എം.ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ട ടൗൺ സ്കൂൾ, കാതോലിക്കേറ്റ് ഹൈസ്കൂൾ ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ,തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജ് തുടങ്ങിയ സ്ഥാപങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ എം.ഫാത്തിമ ബീവി 1950 നവംബർ 14-ന് അഭിഭാഷകയായി എൻറോൾ ചെയ്തു.1950-ൽ ബാർ കൗൺസിൽ പരീക്ഷയിൽ ഒന്നാമതായ ഫാത്തിമ ബീവി കേരളത്തിലെ ലോവർ ജുഡീഷ്യറിയിലാണ് തന്റെ കരിയർ ആരംഭിച്ചത്.
1958 മെയ് മാസത്തിൽ അവർ കേരള സബ്-ഓർഡിനേറ്റ് ജുഡീഷ്യൽ സർവീസസിൽ മുൻസിഫായി നിയമിതയായി. 1968-ൽ സബ്-ഓർഡിനേറ്റ് ജഡ്ജിയായും 1972-ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായും 1974-ൽ ജില്ലാ – സെഷൻസ് ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് 1983 ഓഗസ്റ്റ് 4-ന് ഹൈക്കോടതി ജഡ്ജിയായി. 1989 ഒക്ടോബർ 6-ന് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ട അവർ 1992 ഏപ്രിൽ 29-ന് സുപ്രീം കോടതിയിൽനിന്ന് വിരമിച്ചു.