ചെന്നൈ: കൊല്ലപ്പെട്ട എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യാൻ നീക്കമെന്ന് റിപ്പോർട്ട്.യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൽടിടിഇ, തമിഴ് അനുകൂല സംഘടനകൾ പരിപാടി സംഘടിപ്പിക്കുമെന്നതെന്നും ലണ്ടനിലും ഗ്ലാസ്‌ഗോയിലും ദ്വാരകയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും ഉചിതമായ സമയത്ത് പുറത്തു വരുമെന്നും തമിഴ് നാഷണൽ മൂവ്‌മെന്റ് നേതാവ് പഴ നെടുമാരൻ പറഞ്ഞിരുന്നു. 2009-ൽ ശ്രീലങ്കയിൽ നടന്ന ആഭ്യന്തരയുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ പ്രഭാകരനും കുടുംബാംഗങ്ങളും രക്ഷപ്പെട്ടുവെന്നും വിശ്വസിക്കുന്നവരുണ്ട്.നവംബർ 27 ‘വീരനായക ദിനമായി എൽടിടിഇ പ്രഖ്യാപിച്ചിരുന്നു. ഈ ദിനത്തിൽ വേലുപ്പിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതായിരുന്നു രീതി.
എഐ സാങ്കേതിത വിദ്യയുപയോഗിച്ച് ദ്വാരകയുടേതെന്ന രീതിയിൽ വീഡിയോ ക്ലിപ്പ് പുറത്തിറക്കാൻ എൽടിടിഇ അനുകൂല സംഘടനകൾ ലക്ഷ്യമിടുന്നുണ്ടെന്ന് വിദേശ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ദ്വാരക ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഈ പ്രചരണങ്ങളുടെ സത്യാവസ്ഥ വ്യക്തമാകുമെന്നും പ്രതീക്ഷിക്കുന്നു. ദ്വാരകയുടേത് എന്ന് സൂചിപ്പിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.