ഉത്തരാഖണ്ഡ് : രാപ്പകൽ വിശ്രമമില്ലാത്ത ജോലികൾക്കും പ്രാർഥനകൾക്കും ഒടുവിൽ ആ 41 പേരും പുതുജീവിത്തിലേക്ക്.രാജ്യംകണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം.നവംബർ 12നാണ് ഉത്തരകാശിയിലെ നിർമാണത്തിലിരുന്ന സിൽക്യാര ടണലിൽ മണ്ണിടിച്ചിലിനെത്തുടർന്ന് 41 തൊഴിലാളികൾ കുടുങ്ങിയത്.60 മീറ്ററോളം ദൂരം മണ്ണടിഞ്ഞ് പുറത്തേക്കുള്ള വഴി പൂർണമായും അടഞ്ഞു. അധികം വൈകാതെ എല്ലാവരെയും രക്ഷാപെടുത്താമെന്ന് വിചാരിച്ചിടത്തുനിന്നും രക്ഷാപ്രവർത്തനം ഓരോ ദിവസവും അതിസങ്കീർണമാവുകയായിരുന്നു.
പ്രത്യേക കുഴൽ വഴി സ്ട്രെച്ചറുകൾ കടത്തിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘത്തിലെ നാല് പേർ ആദ്യം സ്ട്രെച്ചറുമായി കുഴലിന് അകത്തൂടെ തൊഴിലാളികൾക്ക് അരികിലെത്തി. പിന്നെ ഓരോരുത്തരെയായി സ്ട്രെച്ചറിൽ വലിച്ചുകയറ്റി. ഒരാൾക്ക് ഏകദേശം 2 മുതൽ മൂന്ന് മിനിട്ട് വരെ സമയം. അങ്ങനെ നാല് മണിക്കൂർ സമയം എടുത്താണ് മുഴുവൻ പേരെയും പുറത്തെത്തിച്ചത്.തൊഴിലാളികൾ കുടുങ്ങി കിടന്ന 17 ദിവസവും ഭക്ഷണത്തിനൊപ്പം ആവശ്യമായ മരുന്നും എത്തിച്ചുനൽകിയിരുന്നു.
സുരക്ഷിതമായി 41 പേരെയും പുറത്തെത്തിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് കുടുംബങ്ങളും. രക്ഷാപ്രവർത്തകരും. 17 രാത്രിയും 16 പകലും നീണ്ട ശ്രമങ്ങൾ.ഉത്തരകാശി രക്ഷാപ്രവർത്തനത്തിനിടെ. മണ്ണിന്റെ ഘടനയും കട്ടികൂടിയ സിമന്റ് പാളികളും മണ്ണിടിച്ചിൽ ഭീഷണിയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഒപ്പം ഓഗർ മെഷീന് ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളും 41 പേരെയും പുറത്തെത്തിക്കുന്നത് വൈകിച്ചു.