ന്യൂഡൽഹി: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തീയതി മാറ്റി. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറമിൽ ഞായറാഴ്ച പ്രാർഥനയടക്കമുള്ള ചടങ്ങുകൾ നടക്കുന്നത് ചൂണ്ടിക്കാട്ടി ഞായറാഴ്ച വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന ക്രിസ്ത്യൻ സംഘടനകളുടെയും കോൺഗ്രസിൻ്റെയും ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം.ഡിസംബർ മൂന്ന് ഞായറാഴ്ച വോട്ടെണ്ണൽ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് എൻജിഒ കോർഡിനേഷൻ കമ്മിറ്റി (എൻജിഒസിസി) വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം റാലികൾ നടത്തിയിരുന്നു.
എതിർപ്പുകൾ രൂക്ഷമായതോടെയാണ് വോട്ടെണ്ണൽ തീയതി മാറ്റാനുള്ള തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയത്. .ഞായറാഴ്ച ദിവസം വോട്ടെണ്ണൽ നടക്കുന്നതിനെതിരെ എതിർപ്പറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഞായറാഴ്ചത്തെ വോട്ടെണ്ണൽ തീയതി മാറ്റണമെന്ന് മിസോറാമിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും എൻജിഒസിസിയും തെരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസിഐ) ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചത്തെ വോട്ടെണ്ണൽ മാറ്റി ഡിസംബർ നാല് തിങ്കളാഴ്ചയാവും ഇനി വോട്ടെണ്ണൽ നടക്കുക.
നവംബർ ഏഴിന് ഒറ്റ ഘട്ടമായിട്ടാണ് മിസോറാമിലെ തെരഞ്ഞെടുപ്പ് നടന്നത്. 40 അസംബ്ലി മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. മുൻപ് നിശ്ചയിച്ചത് പോലെ തന്നെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ ഞായറാഴ്ച നടക്കും.