മിഷോങ് ചുഴലിക്കാറ്റ് , ഇടിയും മിന്നലും അഞ്ച് ദിവസം മഴയും കേരളത്തിൽ

തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയിൽനിന്ന് 110 കിലോമീറ്റർ അകലെയാണ് മിഷോങ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.

വടക്കുദിശ മാറി തെക്ക് ആന്ധ്രാപ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപ്പട്ടണത്തിനും ഇടയിൽ നാളെ രാവിലെ കരതൊടും. മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയും കാറ്റും തുടങ്ങിയതോടെ ചെന്നൈ നഗരമടക്കം വെള്ളത്തിലായി.

ചെന്നൈയിൽ നിന്നുള്ള 20 വിമാനസർവീസുകൾ റദ്ദാക്കുകയും ചിലത് ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. വിവിധ ട്രെയിനുകളും റദ്ദാക്കി.ചെന്നൈ അടക്കമുള്ള ആറു ജില്ലകൾക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറീന ബീച്ചിലേക്കുള്ള പ്രവേശനവും നിരോധിച്ചു.തമിഴ്നാട്ടിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.