തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി,വ്യാഴാഴ്ച സത്യപ്രജ്ഞ

ന്യൂഡൽഹി: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പാർട്ടി സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. നിയമസഭാ കക്ഷി നേതാവായി രേവന്ത് റെഡ്ഡിയെ തെരഞ്ഞെടുത്തു.സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രാഹുൽ ഗാന്ധി, സംസ്ഥാനത്തിൻ്റെ പ്രത്യേക നിരീക്ഷകൻ ഡി കെ ശിവകുമാർ. എഐസിസി നിരീക്ഷകൻ മാണിക് റാവു താക്കറെ എന്നിവർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് രേവന്ത് റെഡ്ഡിയെ തെലങ്കാന മുഖ്യമന്ത്രിയാക്കാനുള്ള നിർണായക തീരുമാനമുണ്ടായത്.

മുഖ്യമന്ത്രിയുടെ കാര്യത്തിൽ രണ്ടുദിവസമായി അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനമുണ്ടായത്.രാഹുൽ ഗാന്ധിയാണ് രേവന്ത് റെഡ്ഡിയുടെ പേര് നിർദേശിച്ചതെന്നാണ് റിപ്പോർട്ട്.കോൺഗ്രസിനെ വൻ വിജയത്തിലേക്ക് നയിച്ച രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുന്നതിൽ മുതിർന്ന നേതാക്കളുടെ എതിർപ്പുണ്ടായിരുന്നെങ്കിലും എതിർപ്പുകളെ അവഗണിച്ച് റെഡ്ഡിയെ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കുകയായിരുന്നു.

ഉപമുഖ്യമന്ത്രിമാർ ആരൊക്കെ എന്നുള്ള കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും. തെലങ്കാനയിൽ മുഖ്യമന്ത്രിപദം പങ്കുവെച്ചുള്ള യാതൊരു ഫോർമുലയ്ക്കും കോൺഗ്രസ് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിരുന്നില്ല. പാർട്ടിയിലെ മറ്റ് പ്രമുഖ നേതാക്കളായ ഉത്തം കുമാർ റെഡ്ഡി, മല്ലു ഭട്ടി വിക്രമാർക്കക്കും ഉപമുഖ്യമന്ത്രി പദവി അല്ലെങ്കിൽ മറ്റ് പ്രധാന പദവികൾ നൽകുമെന്നാണ് റിപ്പോർട്ടുകൾ.