കാനം രാജേന്ദ്രൻ ഓർമ്മയായി,സംസ്ക്കാര ചടങ്ങുകൾ കാനത്തെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു

കോട്ടയം: കാനം രാജേന്ദ്രന്റെ സംസ്ക്കാര ചടങ്ങുകൾ കാനത്തെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു.മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ഉൾപ്പടെ ഒട്ടേറെ പ്രമുഖർ സംസ്ക്കാരചടങ്ങിൽ പങ്കെടുത്തു.നൂറുകണക്കിന് പ്രവർത്തകരും കാനത്തിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.

കാനത്തിന്‍റെ ഭൗതിക ശരീരം ഇന്നലെ കൊച്ചിയിൽ നിന്ന് ഒൻപതരയോടെ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിൽ പ്രവർത്തകർ പാർട്ടി സെക്രട്ടറിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. പട്ടം പി എസ് സ്‌മാരകത്തിൽ ഉച്ചയ്ക്ക് രണ്ട് മണിവരെ മൃതദേഹം പൊതുദർശനത്തിനു വെച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ തുടങ്ങിയവരുൾപ്പെടെ നൂറു കണക്കിന് പേരാണ് കാനത്തെ അവസാനമായി കാണാനെത്തിയത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്.ആയിരകണക്കിന് പ്രവർത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാനത്തെ വീട്ടിലെത്തിയത്. വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ നേരത്തെ നിശ്ചയിച്ചിരുന്നതിലും വളരെ വൈകിയാണ് എത്തിയത്.

കാനത്തിന്റെ വിയോഗത്തെ തുടർന്ന് ഇന്നലത്തെ നവകേരള സദസ്സ് റദ്ദാക്കി. സംസ്‌കാര ചടങ്ങുകൾക്കു ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും.