ഓസ്ലോ: ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിനെതിരെയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും നടത്തിയ പോരാട്ടമാണ് നർഗീസിനെ പുരസ്കാരത്തിന് അർഹയാക്കിയത്. ഇറാനിൽ തടവറയിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിയെ പ്രതിനിധീകരിച്ചു മക്കളായ ഇരട്ടക്കുട്ടികൾ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഏറ്റുവാങ്ങും.
നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിലെ സിറ്റി ഹാളിൽ പ്രാദേശിക സമയം രാത്രി 12ന് നടക്കുന്ന ചടങ്ങിൽ 17കാരായ അലിയും കിയാനിയും തങ്ങളുടെ മാതാവിൻ്റെ പോരാട്ടങ്ങൾക്ക് ലഭിച്ച അംഗീകാരം ഏറ്റുവാങ്ങും.ജയിലിൽവെച്ച് നർഗീസ് കുറിച്ച പ്രസംഗം ഇരുവരും സിറ്റി ഹാളിൽ വായിക്കും.ഇതേ സമയം നർഗീസ് ജയിലിൽ നിരാഹാരമനുഷ്ഠിക്കും.നർഗീസ് മുഹമ്മദിയുടെ പോരാട്ടം മൂലം അവർക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടെയെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി.
ഇറാൻ ഭരണകൂടം നർഗീസ് മുഹമ്മദിയെ 13 തവണ അറസ്റ്റു ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വർഷത്തോളം അവർ ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 2021 മുതൽ ഇറാൻ തലസ്ഥാനമായ ടെഹ്രാനിലെ എവിൻ ജയിലിൽ കഴിയുകയാണ് നർഗീസ് മുഹമ്മദി. ഇക്കാലമത്രയും മക്കളെ കാണാൻ നർഗീസിന് കഴിഞ്ഞിട്ടില്ല. എട്ടുവർഷമായി നർഗീസിൻ്റെ കുടുംബം ഫ്രാൻസിലാണ്. നവംബറിലും നർഗീസ് ജയിലിൽ നിരാഹാരസമരം അനുഷ്ഠിച്ചിരുന്നു. 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 8.32 കോടി രൂപ) ആണ് നൊബേൽ സമ്മാനത്തുക.
ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയതിനും വധശിക്ഷയ്ക്കും എതിരെയാണ് നർഗീസ് പോരാടിയത്. നർഗീസ് ഞങ്ങൾക്കൊപ്പം ഇവിടെയില്ല. അവൾ ജയിലിലാണ്. പുരസ്കാരം സമ്മാനിക്കുന്ന അതേ ദിവസം നർഗീസ് നിരാഹാരസമരം അനുഷ്ഠിക്കുമെന്നും ഓസ്ലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഭർത്താവ് ടാഗി റഹ്മാനിയും സഹോദരനും പറഞ്ഞു.ഇറാനിലെ മതന്യൂനപക്ഷമായ ബഹായ് വിഭാഗം നേരിടുന്ന വിവേചനത്തിനെതിരെയാണ് നർഗീസിൻ്റെ സമരം.