കോൺഗ്രസ് എംപിയുടെ കമ്പനിയിൽനിന്ന് 351 കോടി പിടിച്ചെടൂത്ത് ആദായനികുതി വകുപ്പ്

ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന് ബന്ധമുള്ള സ്ഥാപനത്തിൽനിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 351 കോടി രൂപ.ഒഡീഷയിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ധീരജ് പ്രസാദ് സാഹുവിന് ബന്ധമുള്ള ഒഡീഷയിലെ ബൗധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഈ മാസം ആറിനാണ് ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്.

. 80 ഓളം ഉദ്യോഗസ്ഥർ ഒൻപതു സംഘങ്ങളായി തിരിഞ്ഞ് അഞ്ച് ദിവസംകൊണ്ടാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. രാജ്യത്ത് ഒരു സ്ഥാപനത്തിൽനിന്ന് ഇത്രയധികം പണം പിടികൂടുന്നത് ആദ്യമാണെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്.

കമ്പനിയുടെ പ്രമോട്ട‍ർമാരിലേക്കും പരിശോധന നീണ്ടു. കൂടാതെ, ജാർഖണ്ഡിലെ കേന്ദ്രങ്ങളിലും സാഹുവിൻ്റെ വസതിയിലും പരിശോധന നടന്നു. നികുതി വെട്ടിപ്പ്, അനധികൃത ഇടപാട് തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന.ഒഡീഷയിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ധീരജ് പ്രസാദ് സാഹു ജാർഖണ്ഡിൽ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.