തിരുവനന്തപുരം: തന്നെ വഴിയില് തടഞ്ഞ എസ്എഫ്ഐ വിദ്യാർത്ഥികൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി നടപടിയെടുക്കാൻ നിർദ്ദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധം മുന്നിൽക്കണ്ട് ഗവർണർ റൂട്ട് മാറ്റിയത് എസ്എഫ്ഐ പ്രവർത്തകരെ ആര് അറിയിച്ചുവെന്നു ഇനിയും വ്യക്തമായിട്ടില്ല.ഗവർണർ പോകുന്ന വഴി തങ്ങൾക്കാരും ചോർത്തിത്തന്നിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ പറഞ്ഞു. ഗവർണർക്ക് മൂന്ന് വഴികളിലൂടെയേ പോകാൻ കഴിയുമായിരുന്നുള്ളൂ. ആ മൂന്ന് വഴിയിലും എസ്എഫ്ഐ പ്രവർത്തകരുണ്ടായിരുന്നെന്നും ആർഷോ വ്യക്തമാക്കി.
പ്രതിഷേധത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും ഗവർണർ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആരെന്ന് ഗവർണർ അന്വേഷിക്കുകയും ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. വിദ്യാർത്ഥികൾക്കെതിരെ ദുർബ്ബലമായ വകുപ്പുകൾ പൊലീസ് ചുമത്തിയ പോലീസിനോട് ഗവർണർ ഇടപെട്ട് കടുത്ത വകുപ്പുകളാക്കി മാറ്റി.
സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവരോട് നേരിട്ട് ഇടപെടാനാണ് ഗവർണർ ആവശ്യപ്പെട്ടത്. സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തവരുടെ പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എവിടെനിന്ന് ലഭിച്ചെന്ന് വ്യക്തമാക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു കാമ്പസ്സിലും ഗവർണർ കയറില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. അതിരുവിട്ട് പോകാതെ ഗവർണർക്കെതിരെ സമരങ്ങൾ നടത്താൻ സിപിഎം നേതൃത്വത്തിന്റെ അനുവാദമുണ്ടെന്നും കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്ന് ആർഷോ പറഞ്ഞു.