ടോക്കിയോ: ആളുകൾ നോക്കിനിൽക്കെ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൈനിക ഉദ്യോഗസ്ഥരായ ഷുതാരോ ഷിബുയ, അകിറ്റോ സെകൈൻ, യുസുകെ കിമേസാവർ കുറ്റക്കാരാണെന്ന് ജപ്പാൻ കോടതി. പ്രതികൾ കുറ്റം ചെയ്തതായും, നേരിടേണ്ടിവന്ന അനുഭവം തുറന്നുപറഞ്ഞത് എല്ലാവർക്കും ആത്മവിശ്വാസം നൽകുന്നുവെന്നും കോടതി പറഞ്ഞു. ഇവരുടെ ശിക്ഷ വിധിച്ചിട്ടില്ല.
2020ൽ സൈന്യത്തിൽ ചേർന്നതുമുതൽ പലതരത്തിലുള്ള പീഡനം നേരിടേണ്ടിവന്നുവെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. പീഡനവിവരം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ സാക്ഷികൾ ഇല്ലെന്ന കാരണത്താൽ തൻ്റെ പരാതി തള്ളുകയായിരുന്നു.2021ൽ നേരിടേണ്ടിവന്ന ലൈംഗിക പീഡനത്തെക്കുറിച്ച് 24കാരിയായ സൈനിക ഉദ്യോഗസ്ഥ യുട്യൂബിലൂടെ നടത്തിയ വെളിപ്പെടുത്തൽ വിവാദമായതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും ആരോപണവിധേയരായ മൂന്ന് സൈനികരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഡ്യൂട്ടിക്കിടെ പ്രതികളായ മൂന്ന് സൈനികർ സഹപ്രവർത്തകർ നോക്കിനിൽക്കെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒരു ഡസനോളം സഹപ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും സഹായിച്ചില്ല. എല്ലാവരും ചിരിയോടെയാണ് താൻ നേരിട്ട പീഡനം നോക്കിക്കണ്ടതെന്ന് യുവതി വ്യക്തമാക്കിയിരുന്നു.ജോലിക്കിടെ ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്ന യുവതിയുടെ വീഡിയോ വൈറലായതോടെ സൈനികരെ ശിക്ഷിക്കണമെന്ന ജനരോഷമുയർന്നിരുന്നു. പ്രതികളെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 100,000ത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനം പ്രതിരോധ മന്ത്രാലയത്തിന് കൈമാറി. സൈന്യത്തിലെ ലൈംഗികാതിക്രമത്തെക്കുറിച്ച് ജപ്പാൻ പ്രതിരോധ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ 1,400ലധികം സ്ത്രീകളും പുരുഷന്മാരും സൈന്യത്തിൽ നിന്ന് നേരിടേണ്ടിവന്ന ലൈംഗിക പീഡനവും ഭീഷണിപ്പെടുത്തലും സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് കൈമാറി.