20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട റാം റഹീം സിംഗിന് മൂന്ന് വർഷത്തിനിടെ 184 ദിവസവും പരോളും അവധിയും, ശരിയെന്ന് ഹരിയാന മുഖ്യമന്ത്രി

ഹരിയാന: ബലാത്സംഗക്കേസിൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീം സിങ്ങിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 184 ദിവസവും പരോളും അവധിയും അനുവദിച്ച സർക്കാർ നടപടിക്കെതിരെ കോടതി വിശദീകരണം തേടിയതിന് പിന്നാലെ.ഗുർമീത് റാം റഹീം സിങ്ങിന്റെ പരോളിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രംഗത്തെത്തി.

റാം റഹീമിന് നൽകുന്ന പരോളും അവധിയും ജയിലെ മറ്റ് തടവുകാർക്കും നൽകുന്നുണ്ടോയെന്ന് ഹൈക്കോടതിയുടെ ചോദ്യത്തിനു ജയിലിൽ നല്ല പെരുമാറ്റമുള്ള എല്ലാ കുറ്റവാളികൾക്കും പരോൾ ലഭിക്കാൻ അവകാശമുണ്ടെന്ന്‌ മറുപടിയായി ഖട്ടർ കോടതിയെ അറിയിച്ചു. ദേര തലവൻ ഗുർമീത് റാം റഹീം സിംഗിന് സർക്കാർ നൽകിയ അനധികൃത പരോളും അവധിയും ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയെ തുടർന്നാണ് കോടതിയുടെ ചോദ്യം.

ഫെബ്രുവരിയിൽ സമർപ്പിച്ച ഹർജിയിൽ റാം റഹീമിന് പരോൾ അനുവദിക്കുന്നതിന്റെ അനന്തരഫലങ്ങൾ എസ്ജിപിസി ചൂണ്ടികാട്ടിയിരുന്നു.ഗുർമീത് റാം റഹീമിന്റെ പതിവ് പരോളുകളിൽ ആശങ്കയുണ്ടെന്നും ദേശീയ പരമാധികാരം, അഖണ്ഡത, പൊതു സൗഹാർദം, സമാധാനം, സാമൂഹിക ഘടന എന്നിവ സംരക്ഷിക്കാനാണ് പൊതുതാൽപര്യ ഹർജി ലക്ഷ്യമിടുന്നതെന്നും എസ്‌ജിപിസി വാദിച്ചു.

രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തതിന് 2017 ൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട റാം റഹീം 2002 ൽ മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി, ദേര മാനേജർ രഞ്ജിത് സിംഗ് എന്നിവരെ കൊലപ്പെടുത്തിയതുൾപ്പെടെ രണ്ട് കൊലപാതക കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.