തിരുവനന്തപുരം: തൃശൂരിൽ ജനുവരി രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.വനിതാസംവരണ ബിൽ യാഥാർഥ്യമാക്കിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ആദരമാണ് പരിപാടിയെന്നും രണ്ടുലക്ഷം മഹിളകൾ സമ്മേളനത്തിൽ അണിനിരക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാസമ്മേളനത്തിലാണ് മോദി പങ്കെടുക്കുക. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ച നിയമസഭ തെരഞ്ഞെടുപ്പുകളിൽ ക്ഷേമപദ്ധതികളിലൂടെ സ്ത്രീവോട്ടർമാരെ ആകർഷിച്ച ബിജെപി സമാന തന്ത്രങ്ങൾതന്നെ കേരളത്തിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ജയസാധ്യതയുള്ള 160 മണ്ഡലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ആറു മണ്ഡലങ്ങളും ഇടംപിടിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുണ്ട്.
തൃശൂർ, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, പാലക്കാട് എന്നിവിടങ്ങളിലാണ് ബിജെപി വിജയസാധ്യത കണക്കാക്കുന്നത്.കേരളത്തിലെ മണ്ഡലങ്ങളുടെ ഏകോപനച്ചുമതല കേന്ദ്ര മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനാണ് തിരുവന്തപുരം മണ്ഡലത്തിൻ്റെ ചുമതല. പത്തനംതിട്ട മണ്ഡലത്തിൻ്റെ ചുമതല കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്തലജെയ്ക്കാണ്. ചലച്ചിത്രതാരം സുരേഷ് ഗോപി മത്സരത്തിനിറങ്ങുന്ന തൃശൂരിൽ അമിത് ഷായുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.160 മണ്ഡലങ്ങളിലെയും പ്രവർത്തനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്.