ജമ്മു കശ്മീർ രജൗരി ഭീകരാക്രമണത്തിൽ സൈനികരുടെ മരണം അഞ്ചായി

ശ്രീനഗർ: പൂഞ്ചിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ഗുരുതരമായി പരിക്കേറ്റ് രണ്ട് സൈനികർ ചികിത്സയിലാണ്. ധേര കി ഗാലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർഹിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് രണ്ട് സൈനിക വാഹനങ്ങൾ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനെതിരെ സുരക്ഷാ സേന തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെട്ടതായിട്ടാണ് സൂചന. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതായും സൂചനയുണ്ട്.

പൂഞ്ച് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം പീപ്പിൾസ് ആൻ്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ വിഭാഗമാണ് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. ഇവർ സൈനിക വാഹനങ്ങൾക്ക് നേരെ ആദ്യം ഗ്രനേഡ് എറിയുകയും പിന്നീട് തുടരെ വെടിയുതിർക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

കൂടുതൽ പോലീസ് സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മൂന്നോ നാലോ ഭീകരർ പതിയിരുന്നുള്ള ആക്രമണത്തിൽ ഒരു ട്രക്കും ഒരു മാരുതി ജിപ്‌സിയുമാണ് ആക്രമിക്കപ്പെട്ടത്.ആക്രമണം നടന്ന ഉടൻ തന്നെ സൈന്യം പ്രദേശം മുഴുവൻ വളഞ്ഞു.ഭീകരർക്കായുള്ള സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്.