44 ദിവസം മുഖ്യമന്ത്രി കൂട്ടിലിട്ട തത്തകൾ നാളെ കരുതൽ തടങ്കലിൽ നിന്ന് പുറത്തിറങ്ങും,വിഡി സതീശൻ

തിരുവനന്തപുരം: സ്വന്തമായി ഒരു അഭിപ്രായവും ഇല്ലാതെ, 44 ദിവസം മുഖ്യമന്ത്രി കൂട്ടിലിട്ട തത്തകളായ കേരളത്തിലെ മന്ത്രിമാർ നാളെ കരുതൽ തടങ്കലിൽ നിന്ന് പുറത്തിറങ്ങും. പാവങ്ങൾക്ക് അവശ്യ സാധനങ്ങൾ സപ്ലൈകോയിൽ നൽകാനാകാത്തവരാണ് ആർഭാട സദസ്സ് നടത്തുന്നത്.പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ തൃശൂരിൽ സപ്ലൈകോയുടെ ക്രിസ്മമസ് ചന്ത ഇന്ന് രാവിലെ തുറക്കാൻ പറ്റിയില്ല. ഉദ്ഘാടനത്തിന് എത്തിയ എംഎൽഎയും മേയറും ചടങ്ങിന് നിൽക്കാതെ മടങ്ങി. രാവിലെ 7 മുതൽ ക്യൂവിൽ നിന്നവർക്ക് അരി മാത്രമാണ് കിട്ടിയത്.പാവങ്ങൾക്ക് സബ്സിഡി സാധനങ്ങൾ പോലും ഉത്സവകാലത്ത് കൊടുക്കാൻ പറ്റാത്ത സർക്കാരാണ് ആർഭാട സദസ്സ് നടത്തുന്നത്.നവകേരള സദസ്സിൽ ഫൈവ് സ്റ്റാർ ഭക്ഷണമാണ് കൊടുത്തത്.

നവകേരള സദസിന്റെ 17 പത്രസമ്മേളനങ്ങളിലും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‍റെ മനോനില തകരാറിലാണെന്ന് പറഞ്ഞു. എന്നിട്ട് പൊതുമരാമത്ത് മന്ത്രിയെ രംഗത്തിറക്കി. അദ്ദേഹത്തിന് പറയാതിരിക്കാൻ ആകില്ല. മാസപ്പടി വിവാദം വന്നപ്പോൾ നാവ് ഉപ്പിലിട്ട് വച്ചിരുന്ന പൊതുമരാമത്ത് മന്ത്രി ഇപ്പോഴാണ് വീണ്ടും സംസാരിച്ച് തുടങ്ങിയത്.

പ്രതിപക്ഷ നേതാവിന് സമരം ചെയ്ത് പരിചയമില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി പറയുന്നത്. മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായ ആൾ സൂപ്പർ മുഖ്യമന്ത്രി ചമയേണ്ട. സൂപ്പർ മുഖ്യമന്ത്രി ചമഞ്ഞ് ഇങ്ങോട്ട് വരികയും വേണ്ട. പ്രതിപക്ഷ നേതാവിന്‍റെ പാർട്ടിയിലെ സ്വാധീനത്തെ കുറിച്ച് അളക്കുന്നത് പൊതുമരാമത്ത് മന്ത്രിയല്ല. അദ്ദേഹം കേരളത്തിൽ കേടായി കിടക്കുന്ന റോഡിലെ കുഴി എത്രയെന്ന് എണ്ണിയാൽ മതി. ഇതെല്ലാം മൂക്കാതെ പഴുത്തതിന്‍റെ കുഴപ്പമാണ്. മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ പ്രശ്നമാണെന്നും വിഡി സതീശൻ പറഞ്ഞു.

നവകേരള സദസ്സിനോട് പ്രതിപക്ഷത്തിന് അലർജി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രതിപക്ഷത്തിനല്ല കേരളത്തിലെ ജനങ്ങൾക്കാണ് അലർജി. മര്യാദയ്ക്ക് ജീവിക്കുന്ന ആളുകളുടെ വീടിന് മുന്നിൻ ചട്ടമ്പികൾക്ക് കള്ള് വാങ്ങി കൊടുത്ത് ചീത്ത വിളിപ്പിക്കുന്ന പരിപാടിയുണ്ട്. അത് പോലെ ഇപ്പോൾ മന്ത്രിമാരെ കൊണ്ട് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ ചീത്തവിളിപ്പിക്കുന്നു. ക്രിമനലുകളുടെ അകമ്പടിയിൽ നടക്കാൻ മുഖ്യമന്ത്രിക്ക് നാണമുണ്ടോ? എന്നിട്ടാണ് വീരവാദം മുഴക്കുന്നത്. ഒറ്റയ്ക്ക് നടന്നു പോയപ്പോൾ ആരോ തോക്ക് കാണിച്ചു എന്നൊക്കെയാണ് പറയുന്നത്. കുട്ടിക്കാലത്ത് അയൽപക്കത്തെ ഏതെങ്കിലും കുട്ടികൾ കളിത്തോക്ക് കാണിച്ചതാകാനെ വഴിയുള്ളു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു