ചൈനയിൽ ആപ്പിൾ ഉല്പന്നങ്ങൾക്ക് വിലക്ക്

ബീജിംങ് : ചൈനയിൽ ആപ്പിൾ ഉല്പന്നങ്ങൾക്കുള്ള വിലക്ക് ശക്തമാകുന്നു. രാജ്യത്തുടനീളമുള്ള സർക്കാർ ഏജൻസികളും സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഐഫോണുകളും മറ്റ് വിദേശ ഉപകരണങ്ങളും ഓഫീസിൽ കൊണ്ടുവരരുതെന്ന് നിർദേശം. ചൈനയിലെ വലിയ നഗരങ്ങളിലും കോർപ്പറേഷനുകളിലും മാത്രമല്ല ഷെജിയാങ്, ഷാൻഡോംഗ്, ലിയോണിംഗ്, സെൻട്രൽ ഹെബെയ് എന്നിവയുൾപ്പെടെയുള്ള പ്രവിശ്യകളിൽ നിന്നുള്ള ചെറു നഗരങ്ങളിലെ ചെറുകിട സ്ഥാപനങ്ങളും ഏജൻസികളും സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

വിവിധ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ജോലിക്കിടെ ഐഫോണുകൾ ഉപയോഗിക്കരുതെന്നും ചൈനീസ് ബ്രാൻഡുകളുടെ ഉല്പന്നങ്ങൾ ഉപയോഗിക്കണം എന്നും നിർദേശിച്ചിട്ടുണ്ട്. ദശാബ്ദങ്ങളായി വിദേശ സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയമായി നിർമിച്ച സാങ്കേതിക വിദ്യകൾ പകരം ഉപയോഗിക്കാനുമുള്ള ശ്രമങ്ങൾ ചൈന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകളോട് തദ്ദേശീയമായി നിർമിച്ച സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാൻ നിർദേശം നൽകുകയും സെമികണ്ടക്ടർ ചിപ്പുകൾ ചൈനയിൽ തന്നെ നിർമിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഇന്ത്യ, വിയറ്റ്നാം ഉൾപ്പടെ വിവിധ രാജ്യങ്ങളിലേക്ക് ആപ്പിൾ ഉല്പാദന ജോലികൾ വ്യാപിപ്പിച്ചുകഴിഞ്ഞു. ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പും ഇപ്പോൾ ആപ്പിളിന്റെ നിർമാണ പങ്കാളിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐഫോൺ നിർമാണ ശാല നിർമിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ടാറ്റ ഗ്രൂപ്പ്. ചൈന ആപ്പിളിനെ പൂർണമായി ആശ്രയിക്കുന്നതിൽ നിന്ന് പിന്മാറുകയാണ്