ന്യൂഡൽഹി : 2024 ജനുവരി 14 മുതല്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന ‘ഭാരത് ന്യായ് യാത്ര’ യുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിൽ നിന്ന് ആരംഭിച്ച് ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയുള്ള ‘ഭാരത് ന്യായ് യാത്ര’ മുംബൈയില്‍ അവസാനിക്കുമ്പോൾ 6200 കിലോമീറ്റർ ദൂരം താണ്ടിയിരിക്കും.
14 സംസ്ഥാനങ്ങളിലായി 85 ജില്ലകളിലൂടെ കടന്നുപോകുന്ന ‘ഭാരത് ന്യായ് യാത്ര’ ജനുവരി 14ന് മണിപ്പൂരിൽ നിന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. കാല്‍നടയായിരുന്നു ഭാരത് ജോഡോ യാത്രയെങ്കിൽ ‘ഭാരത് ന്യായ് യാത്ര’ ബസുകളിലൂടെയും ഇടവിട്ടുള്ള കാൽനടയാത്രയിലൂടെയും പൂർത്തിയാക്കും.
‘എല്ലാവർക്കും നീതി’ ‘സബ്കെ ലിയേ ന്യായ്’ എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും യാത്ര ‘സാമ്പത്തിക-സാമൂഹിക നീതിക്ക്’ വേണ്ടി സമർപ്പിക്കപ്പെട്ടതാണെന്ന് ജയറാം രമേശും വ്യക്തമാക്കി. സ്ത്രീകൾക്കും യുവാക്കൾക്കും സാധാരണക്കാർക്കും നീതി വേണം. ഇപ്പോൾ എല്ലാം പണക്കാരിലേക്ക് പോകുന്നു, ഈ യാത്ര പ്രധാനമായും ലക്ഷ്യമിടുന്നത് രാജ്യത്തിന്‍റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളാണ്. മണിപ്പൂരില്ലാതെ എങ്ങനെ ഒരു യാത്ര നടത്താനാകും? മണിപ്പൂരിലെ ജനങ്ങളുടെ വേദന മാറ്റാൻ ശ്രമിക്കേണ്ടതുണ്ട്,” കെ. സി. വേണുഗോപാല്‍ പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഈ പദയാത്രയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവും ഈ പദയാത്ര ലക്ഷ്യമിടുന്നു എന്നാണ് വിലയിരുത്തല്‍.