കൊച്ചി: പത്തുവയസുകാരിയായ മകളെ മദ്യം കുടിപ്പിച്ചശേഷം കഴുത്ത് ഞെരിച്ച് ബോധംകെടുത്തി പുഴയിൽ എറിഞ്ഞു കൊന്ന കേസിലെ പ്രതി സനു മോഹന്‍ ജീവപര്യന്തം.എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വൈഗാ കൊലക്കേസിൽ വിധി പറഞ്ഞത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കേസിൽ കോടതി വിധി പറയുന്നത്.
2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള മകൾ വൈഗയെ മദ്യം നല്കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷം കോയമ്പത്തൂരിൽ നിന്ന് പിടികൂടുകയായിരുന്നു.ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് അന്വേഷണ സംഘം പിടികൂടിയത്.
കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് മകളെ സനുമോഹന് കങ്ങരപ്പടിയിലെ തന്റെ ഫ്ലാറ്റിലെത്തിച്ചത്. വഴിയില്‍നിന്ന് വാങ്ങിയ കൊക്കക്കോളയില്‍ മദ്യംകലര്‍ത്തി വൈഗയെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. മദ്യലഹരിയിലായ പത്ത് വയസുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയില്‍ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. ചലനമറ്റ കുട്ടിയുടെ ശരീരം രാത്രി പത്തരയോടെ പുഴയിൽ എറിയുകയായിരുന്നു.പുഴയിൽ വീണശേഷമായിരുന്നു വൈഗ മരിച്ചത്. മുങ്ങിമരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കൊലപാതകത്തിന് ശേഷം കോയമ്പത്തൂരിലേക്കു പോയ സനുമോഹന് കുഞ്ഞിന്റെ ശരീരത്തില്‍ ധരിച്ചിരുന്ന ആഭരണം വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. സനു മോഹൻ പോലീസിന് കൊടുത്ത മൊഴി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു.