ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജർ എന്നും ക്യാപ്റ്റൻ എന്നുമാണ് ആരാധകർക്കിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടൻ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതിൽ അധികവും.
1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകർ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015-ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലുമെത്തിയിരുന്നു.
1994-ൽ എം.ജി.ആർ പുരസ്കാരം, 2001-ൽ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്കാരം, 2011-ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.