തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയുടെ പുനഃസംഘടന ഇന്ന് നടക്കും. കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും വൈകിട്ട് 4 മണിക്ക് രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മന്ത്രിമാരാകും. രാജ്ഭവൻ വളപ്പിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. മന്ത്രിമാരായിരുന്ന ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ച ഒഴിവിലാണ് ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പളളിയും അധികാരമേൽക്കുന്നത്.
ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക.സിനിമാ വകുപ്പ് കൂടി ഗണേഷ് കുമാറിന് ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യമുന്നയിച്ചിരുന്നു ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഉള്ളതിനാൽ ചീഫ് സെക്രട്ടറി വി വേണു ചടങ്ങിൽ പങ്കെടുക്കില്ല. പകരം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പങ്കെടുക്കും.രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എല്ലാ വിഷയവും ചർച്ച ചെയ്യും