ദോഹ : ചാരവൃത്തിക്കേസില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ മുന്‍ നാവികര്‍ക്ക് 3 മുതല്‍ 25 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചിരിയ്ക്കുകയാണ് ഖത്തര്‍ കോടതി. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന പൂര്‍ണേന്ദു തിവാരിക്കാണ് 25 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്.
2022 ഓഗസ്റ്റ് മുതൽ നാവികർ ഖത്തറിൽ തടവിലാണ്. പൂര്‍ണേന്ദുവിനെ തിരികെ കൊണ്ടുവരാന്‍ സഹോദരി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുങ്ങിക്കപ്പല്‍ നിര്‍മാണ രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര് രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്.
ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് ഖത്തര്‍ നാവികസേനക്കായി പരിശീലനം നല്‍കുന്നതിന് കരാറുണ്ടായിരുന്ന കമ്പനിയാണ്.