കൊച്ചി: സഹിക്ക വയ്യാതെയാണ് വിഎം സുധീരൻ പൊട്ടിത്തെറിച്ചത് എന്നാണ് കാണുമ്പോൾ മനസ്സിലാകുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത് എന്ന് വ്യക്തമായിരിക്കുകയാണ്. സഹിക്ക വയ്യാതെയാണ് വിഎം സുധീരൻ പൊട്ടിത്തെറിച്ചത് എന്നാണ് കാണുമ്പോൾ മനസ്സിലാകുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ കുറിച്ച് കൃത്യമായ അപായ സൂചനകളും വിമർശനങ്ങളും എന്നും ഇടതുപക്ഷം മുന്നോട്ട് വച്ചിട്ടുണ്ട്. ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകൾക്ക് കുട പിടിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കോൺഗ്രസിനകത്ത് അവസരവാദ നയങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുന്നു. നിഷേധാത്മക രാഷ്ട്രീയത്തിലൂടെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു കോൺഗ്രസ്.
കെ സുധാകരനും വിഡി സതീശനും സംസ്ഥാന കോൺഗ്രസ് തലപ്പത്ത് എത്തിയതിന് ശേഷം രാഷ്ട്രീയ എതിരാളികളോട് മാത്രമല്ല സഹപ്രവർത്തകരോട് പോലും മോശം പെരുമാറ്റമാണ് എന്നതിന്റെ ഉത്തമ തെളിവാണ് വിഎം സുധീരന്റെ വാക്കുകൾ. മതനിരപേക്ഷ, ജനോപകാര നിലപാടുകളോടുള്ള കോൺഗ്രസിന്റെ അസഹിഷ്ണുത വി എം സുധീരന്റെ വെളിപ്പെടുത്തലുകളിലൂടെ വ്യക്തമാകുന്നുണ്ടെന്നും സിപിഎം നേതാവ് വിമർശിച്ചു.