ED യുടെ ചോദ്യം ചെയ്യലിന് മൂന്നാം തവണയും കേജ്‌രിവാൾ ഹാജരാകില്ല

ന്യൂഡൽഹി : ഡൽഹി എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട് തുടർച്ചയായ മൂന്നാം തവണയും ED യുടെ ചോദ്യം ചെയ്യലിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഹാജരാകില്ല. പാർട്ടി നേതാക്കളുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം എന്നാണ് സൂചന. ED സമൻസ് നിയമവിരുദ്ധമാണെന്നും ഇത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണെന്നുംആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു.

ഡല്‍ഹി മദ്യ അഴിമതി കേസില്‍ കഴിഞ്ഞ ഫെബ്രുവരി 26 ന് ആദ്യം അറസ്റ്റിലായത് മുതിര്‍ന്ന നേതാവ് ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയാണ്.പലതവണ ജാമ്യത്തിന് അപേക്ഷിച്ച് എങ്കിലും നിഷേധിക്കുകയാണ് ഉണ്ടായത്. മാസങ്ങള്‍ക്ക് ശേഷം ഇതേ കേസില്‍ അറസ്റ്റിലായ AAP MP സഞ്ജയ് സിംഗും ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. അരവിന്ദ് കേജ്‌രിവാൾ ഇഡിക്ക് മുന്നിൽ ഹാജരാകാതെ, ഇത്തവണയും രേഖാമൂലം മറുപടി അയയ്ക്കുകയാണ് ചെയ്തത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പാര്‍ട്ടിയെ തടയാനുള്ള ശ്രമമാണ് BJP നടത്തുന്നത്, അതിനാണ് പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിരിയ്ക്കുന്നത് എന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.