ന്യൂയോർക്ക്: അയോവയിലെ പെറി ഹൈസ്‌കൂളിൽ പതിനേഴുകാരൻ നടത്തിയ വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് വെടിയേറ്റു. ഹൈസ്കൂൾ വിദ്യാർഥിയാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞു.അഞ്ച് വിദ്യാർഥികൾക്കും അഡ്മിനിസ്ട്രേറ്റർക്കും പരിക്കേറ്റു.വെടിവെപ്പിനു ശേഷം പതിനേഴുകാരൻ സ്വയം വെടിയുതിർത്തു മരിച്ചു.
ഈ വർഷം സ്കൂളുകളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. വിർജീനിയയിലെ മിഡ്‌ലോത്തിയനിൽ ജനുവരി മൂന്നിനുണ്ടായ സ്‌കൂൾ വെടിവെയ്പിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. 1,785 വിദ്യാർഥികളുള്ള പെറി കമ്മ്യൂണിറ്റി സ്കൂൾ ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ് ഈ സ്കൂൾ. ക്രിസ്മസ്-പുതുവത്സര അവധിക്ക് ശേഷം വിദ്യാർഥികൾ സ്കൂളിൽ തിരിച്ചെത്തിയ ആദ്യ ദിവസമായ വ്യാഴാഴ്ചയാണ് വെടിവെപ്പുണ്ടായത്.