ന്യൂഡൽഹി: ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസ് പതിനൊന്നു പ്രതികളും തിരിച്ച് ജയിലിലേക്ക്, പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കി സുപ്രീം കോടതി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ ശിക്ഷയിളവ് നൽകി മോചിപ്പിക്കാനുള്ള അധികാരം ഗുജറാത്ത് സർക്കാരിനില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.കുറ്റകൃത്യം നടന്ന സ്ഥലമല്ല,വിചാരണ നടന്ന സ്ഥലമാണ് പ്രധാനമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾക്ക് ഗുജറാത്ത് സർക്കാർ ശിക്ഷായിളവ് നൽകിയ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും അടക്കം സമർപ്പിച്ച ഹർജികളിൽ കോടതി വാദം കേട്ടശേഷം വിധി പറഞ്ഞത്. ബിൽക്കിസ് ബാനുവിന്റെ ഹർജിയിൽ കേസ് ഗുജറാത്തിൽനിന്നു മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു.
2002 ൽ നടന്ന ഗുജറാത്ത് കലാപത്തിനിടയിൽ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു പ്രതികൾ. ബോംബെ ഹൈക്കോടതി ജീവ പര്യന്തം ശിക്ഷ വിധിച്ച പതിനൊന്നു പ്രതികളെയും 2022 ഓഗസ്റ്റ് 15 സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ചു ജയിലിലെ നല്ല നടപ്പെന്ന പേരിൽ ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി പ്രതികളെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.