മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രിമാരായ മറിയം ഷിവുന, മാൽഷ ഷരീഫ്, മഹ്സൂം മജീദ് എന്നിവരെ പുറത്താക്കി മാലദ്വീപ് സർക്കാർ. മോദി കഴിഞ്ഞദിവസം ലക്ഷദ്വീപ് സന്ദർശിച്ച ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ വിവാദ പരാമർശം.
. ‘എന്തൊരു കോമാളി, ഇസ്രയേലിന്‍റെ പാവ, മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നായിരുന്നു മറിയം സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിൽ കുറിച്ചത്.
മോദിയുടെ ലക്ഷദ്വീപ് സന്ദർശന വീഡിയോ സഹിതമായിരുന്നു മറിയം ഷിവുനയുടെ വിവാദ പരാമർശം.പരാമർശം വിവാദമായ ഉടനെ തന്നെ പോസ്റ്റ് മന്ത്രി നീക്കിയെങ്കിലും വിവിധ കോണുകളിൽ നിന്ന് മാലദ്വീപ് മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉയർന്നു. മന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സർക്കാരിന്‍റെ നിലപാടല്ലെന്നുമുള്ള പ്രസ്താവനയുമായി മാലദ്വീപ് സർക്കാർ രംഗത്തുവന്നിരുന്നു.
മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉയർന്നതോടെയാണ് സർക്കാർ വിശദീകരണം നൽകിയതും നടപടി സ്വീകരിച്ചതും.ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്തബോധത്തോടെയും വിനിയോഗിക്കണമെന്ന് സർക്കാർ വിശ്വസിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാത്ത രീതിയിലും മാലദ്വീപും രാജ്യാന്തര പങ്കാളികളും തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്താത്ത രീതിയിലും ആയിരിക്കണമെന്നുമാണ് മാലദ്വീപ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞത്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ.
ഒരിക്കലും സംഭവിക്കാനരുതാത്ത, അതീവ ദുഃഖകരമായ സംഭവം. തെരഞ്ഞെടുക്കപ്പെട്ട പദവിയിലിരിക്കുമ്പോള്‍ ഒരിക്കലും ഒരു ആക്ടിവിസ്റ്റിനെപ്പോലെ സംസാരിക്കരുത്. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ടെന്നും മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്‍റ് അഹമ്മദ് അദീബ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.