വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അമ്പുനാട് അന്തിനാട് നിമിഷ തമ്പിയെയാണ് മോഷണശ്രമത്തിനിടയിൽ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷാ തമ്പിയെ കൊലപ്പെടുത്തിയത്.2018 ജൂലൈ 30 ന് ആണ് സംഭവം.

മാറമ്പിള്ളി എം ഇ എസ് കോളേജിലെ ബിബിഎ വിദ്യാർത്ഥിനിയായിരുന്നു നിമിഷ. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും പ്രതി കുത്തി പരിക്കേൽപ്പിച്ചിരുന്നു. നാൽപതോളം സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ചുകയറൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

തടിയിട്ടപറമ്പ് പൊലിസ് ഇൻസ്പെക്ടർ ആയിരുന്ന പി എം ഷെമീറിന്‍റെ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എസ് ഉദയഭാനുവിന്റെ നേത്രത്വത്തിലുള്ള റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. മൂർഷിദാബാദ് സ്വദേശി ബിജു മൊല്ല (44) കുറ്റക്കാരനെന്ന് കണ്ടെത്തിയ പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജ്യോതിയാണ് ശിക്ഷ വിധിച്ചത്.