ചെന്നൈ: തമിഴ്നാട്ടിലെ ധർമപുരിയിലെ കത്തോലിക്ക ദേവാലയത്തിൽ കയറി യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെട്ട തമിഴ്നാട് ട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈക്കെതിരെ പോലീസ് കേസ്. പള്ളിപ്പെട്ടി സ്വദേശി നൽകിയ പരാതിയിൽ 153 (A) , 504, 505(2) വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത ധർമപുരി പോലീസ് സാമുദായിക സ്പർധ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
ധർമ്മപുരിയിലെ പാപ്പിറെഡ്ഡിപ്പട്ടി ഗ്രാമത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. .ധർമപുരിയിലെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ലൂർദ് ദേവാലയത്തിൽ വെച്ചാണ് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ പ്രതിഷേധക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. എൻ മൺ എൻ മക്കൾ റാലിക്കിടെ അണ്ണാമലൈ പള്ളിയിൽ കയറാൻ ശ്രമിച്ചപ്പോൾ യുവാക്കൾ ഉൾപ്പെടെയുള്ള സംഘം തടഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചത്. രൂക്ഷമായ വാക്കേറ്റത്തിനിടെ പോലീസ് വിഷയത്തിൽ ഇടപെടുകയും പ്രതിഷേധക്കാരെ നീക്കി അണ്ണാമലൈയ്ക്ക് പള്ളിയിൽ കയറാൻ അനുവദിക്കുകയും ചെയ്തു.
മണിപ്പൂർ സംഘർഷത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാതാവിൻ്റെ രൂപത്തിൽ മാല ചാർത്താൻ വേണ്ടി അണ്ണാമലൈ പള്ളിയിൽ കയറാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.മണിപ്പൂരിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയെന്ന് വ്യക്തമാക്കി ഒരു കൂട്ടം യുവാക്കളാണ് അണ്ണാമലൈയെ തടഞ്ഞത്.ഞങ്ങളെപ്പോലുള്ള ക്രിസ്ത്യാനികൾ മണിപ്പൂരിൽ കൊല്ലപ്പെടുകയും പള്ളികൾ തകർക്കപ്പെടുകയും ചെയ്തതിനാൽ പള്ളിയിൽ പ്രവേശിക്കാനും മാതാവിൻ്റെ രൂപത്തിൽ മാല ചാർത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയായിരുന്നു പ്രതിഷേധക്കാർ ഒത്തുകൂടിയത്.