വിമാനത്തിന്റെ ഡോര്‍ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

ടൊറേന്റോ : കാനഡയിലെ ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ വിമാനത്താവളത്തിൽ പറന്നുയരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിൻ്റെ വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി. 319 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെടാൻ തയാറായി നിന്ന എയർ കാനഡയുടെ ബോയിങ് 747 വിമാനത്തിൽ നിന്നാണ് യാത്രക്കാരൻ ചാടിയത്.

മറ്റ് യാത്രക്കാരെപ്പോലെ വിമാനത്തിൽ കയറിയ യാത്രക്കാരൻ സ്വന്തം സീറ്റിൽ ഇരിക്കുന്നതിന് പകരം സൈഡിലുള്ള ക്യാബിൻ വാതിൽ ബലമായി തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. 20 അടി താഴ്ചയിലേക്ക് വീണ് പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ പോലീസും എയർപോർട്ടിലെ എമർജൻസി വിഭാഗവും ചികിത്സ നൽകി.ആറുമണിക്കൂർ വൈകിയാണ് വിമാനം സർവീസ് ആരംഭിച്ചത്.

. എയർപോർട്ട് അധികൃതർ, പോലീസ് എന്നിവരുമായി ബന്ധപ്പെട്ട് അന്വേഷണവുമായി സഹകരിക്കുമെന്ന് എയർലൈൻ വക്താവ് അറിയിച്ചു. യാത്രക്കാരൻ വിമാനത്തിൽ നിന്ന് ചാടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.