മുംബൈ : അടൽ സേതു,രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 22 കിലോമീറ്റർ നീളത്തിലും 27 കിലോമീറ്റർ വീതിയിലും 17.834 കോടിയിൽ നിർമ്മിച്ചിരിക്കുന്ന ആറുവരി പാതയാണിത്. 21.8 കിലോമീറ്റർ നീളമുള്ള ഈ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പാലം മുംബൈയിലെ സെവ്രിയ്ക്കും റായ്ഗഢ് ജില്ലയിലെ നവ ഷെവ പ്രദേശത്തിനും ഇടയിലാണ്.
ലോകത്തിലെ നീളമേറിയ പാലങ്ങളുടെ പട്ടികയിൽ 12 മത്തെ സ്ഥാനം ഈ പാലത്തിനാണ്. ഈ പാലത്തിന്റെ 22 കിലോമീറ്ററിൽ 16.5 കിലോമീറ്ററും കടലിന് മുകളിലായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 15 മീറ്റർ ഉയരത്തിലുള്ള പാലത്തിന്റെ നിർമ്മാണം അടിയിലൂടെ കപ്പലുകൾക്ക് വരെ കടന്നു പോകാനുള്ള സ്വകാര്യത്തിലാണ്. താനെ കടലിടുക്കിന് മുകളിലായി മുംബൈയും നവി മുംബൈയേയും ബന്ധിപ്പിക്കുന്ന പാതയാണിത്.
പ്രതിദിനം 75000 വാഹനങ്ങൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ഈ പാലത്തിലൂടെ കടന്നുപോകാൻ സാധിക്കും. ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടർ തുടങ്ങിയവയ്ക്ക് പാലത്തിലൂടെ പ്രവേശനമില്ല.500 ബോയിംഗ് വിമാനങ്ങളുടെ ഭാരത്തിന് തുല്യവും ഈഫൽ ടവറിന്റെ 17 മടങ്ങ് ഭാരവുമുള്ള സ്റ്റീലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഈ പാലം, കാറ്റിനെയും മിന്നലിനെയും പ്രതിരോധിക്കുമെന്നും റിപ്പോർട്ടുണ്ട്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർത്ഥമായാണ് മഹാരാഷ്ട്രാ സർക്കാർ പാലത്തിന് അടൽ സേതു എന്ന നാമം നൽകിയിരിക്കുന്നത്.പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും 40 കിലോമീറ്ററാണ് പരമാവധി വേഗത. എൻജിനീയറിംഗിന്റെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന ഈ പാലം രാജ്യത്തിന്റെ എഞ്ചിനീയറിംഗ് മികവിന്റെ മികച്ച ഉദാഹരണമാണ് .