വാഷിങ്ടൺ: ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്കും യാത്രാ കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ഹൂതികൾക്കെതിരെ അമേരിക്കയുടെയും ബ്രിട്ടൻ്റെയും സംയുക്ത ആക്രമണം. യെമൻ തലസ്ഥാനമായ സനയിലും തുറമുഖ നഗരമായ അൽ ഹുദൈദയിലും അമേരിക്കയുടെയും ബ്രിട്ടൻ്റെയും യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആവർത്തിച്ചുള്ള ആക്രമണത്തിനുള്ള മറുപടിയാണ് സൈനിക നടപടിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനക്കും പറഞ്ഞു.
2016ന് ശേഷം യെമനിൽ ഹൂതികൾക്കെതിരെ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമാണിത്. ഹൂതികൾക്കെതിരായ തിരിച്ചടികൾക്ക് ഓസ്ട്രേലിയ, ബഹ്റൈൻ, കാനഡ, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ പിന്തുണ നൽകിയതായി നേതാക്കൾ പറഞ്ഞു.ഇസ്രായേൽ – ഹമാസ് യുദ്ധം തുടരുന്നതിനിടെ ഹമാസിന് പിന്തുണ നൽകുന്നതിനായിട്ടാണ് ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾ ലക്ഷ്യമാക്കി ഹൂതികൾ ആക്രമണം നടത്തുന്നത്. ഹൂതികളുടെ ആക്രമണം ഉണ്ടായതോടെ യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള സുപ്രധാന കപ്പൽ ചാൽ പല രാജ്യങ്ങളും ഒഴിവാക്കിയിരുന്നു.
കനത്ത് വ്യോമാക്രമണമാണ് ഹൂതികൾക്കെതിരെയുണ്ടായത്. ഹൂതികൾക്ക് ഇറാന്റെ പിന്തുണയുണ്ടെങ്കിലും ഇറാൻ്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.