ഡ്രൈവിങ് ലൈസൻസ് നടപടികളിൽ സമഗ്രമായ മാറ്റം.30 ചോദ്യങ്ങളിൽ 25 ഉത്തരങ്ങൾ ശരിയാകണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികളിൽ സമഗ്രമായ മാറ്റം വരുത്തുമെന്നും കൂടുതൽ കർക്കശമാക്കുമെന്നും ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ലേണേഴ്സ് ടെസ്റ്റില്‍ ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തും. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാല്‍ മാത്രമേ പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി.

വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിനാണ് പാര്‍ക്കിംഗ് റിവേഴ്സ് എടുക്കുക. ശുപാര്‍ശ കൊണ്ടുവന്നാല്‍ ലൈസൻസ് നല്‍കില്ല. ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും മാറ്റം വരുത്തും. എല്ലാ കാര്യങ്ങളും ക്യാമറയില്‍ പകര്‍ത്തും.ഒരു ദിവസം 20ല്‍ കൂടുതല്‍ ലൈസൻസ് ഓഫീസില്‍ നിന്ന് അനുവദിക്കരുതെന്നും മന്ത്രി നിർദേശിച്ചു.

ഉദ്യോഗസ്ഥർ മോശമായ ഭാഷ പ്രയോഗിക്കരുത്. കുട്ടികളോടും സ്ത്രീകളോടും വളരെ മാന്യമായി ഇടപെടണം. എല്ലാം ക്യാമറയില്‍ റെക്കോർഡ് ചെയ്യും.ഇത് മൂന്ന് മാസം സൂക്ഷിക്കും. പരാതിയുണ്ടെങ്കില്‍ ദൃശ്യങ്ങള്‍ പരിശോധിക്കും.ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റവും സംസാരവും സഭ്യമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആര്‍സി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.