കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ടിഎച്ച് മുസ്തഫ യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലൂടെ കോൺഗ്രസിന്റെ നേതൃസ്ഥാനങ്ങളിലെത്തി. 1977ൽ ആലുവയിൽ നിന്ന് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തി. 1977 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും എംഎൽഎ ആയിരുന്നു. 1991 മുതൽ 1994 വരെ കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വർഷം ഡിസിസി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു.