രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ തൗബാലില്‍ തുടക്കം കുറിച്ചു

മണിപ്പൂർ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പൂരിലെ തൗബാലില്‍ തുടക്കം കുറിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ കണ്ടുള്ള യാത്ര ഇന്ന് ഉച്ചയ്ക്ക് തൗബാലിലെ കോങ്‌ജോമില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫ്ളാഗ് ഓഫ് ചെയ്തു. മണിപ്പൂരില്‍ ഒറ്റ ദിവസമാണ് യാത്ര നടത്തുക. അസം, നാഗാലാന്‍ഡ്, ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ 66 ദിവസം നീളുന്ന യാത്ര 110 ജില്ലകളിലൂടെ കടന്നുപോകും.

നേരത്തെ ഇംഫാലില്‍ നിന്നായിരുന്നു യാത്രയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കാതെ ഇരുന്നതോടെ തൗബാലിലേക്ക് മാറ്റുകയായിരുന്നു. 15 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര മാര്‍ച്ച് 20 ന് മുംബൈയിൽ സമാപിക്കും. ബസിലും കാല്‍ നടയുമായി നീങ്ങുന്ന യാത്ര 6,713 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്രയിൽ സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പെട്ട ആളുകളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.

കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇന്ന് യാത്രയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.