ചെന്നൈ : പ്രശസ്ത മലയാള സിനിമാ സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. ഇന്ന് പുലർച്ചെ 2:30 ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 77 വയസായിരുന്നു.മലയാളികളുടെ മനസ് കീഴടക്കിയ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കിയ ജോയിയെ മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്നാണ് വിശേപ്പിച്ചിരുന്നത്.ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ചത് ജോയിയായിരുന്നു.
സംഗീത സംവിധായകൻ എം എസ് വിശ്വനാഥനാണ് ജോയിയെ സിനിമാ സംഗീത ലോകത്തേക്ക് പരിചയപ്പെടുത്തിയത്. എം എസ് വിശ്വനാഥൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്ന ജോയ് പിന്നീട് സ്വതന്ത്ര സംഗീത സംവിധായകനായി.1975 ൽ പുറത്തിറങ്ങിയ ‘ലവ് ലെറ്റർ’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.ഭരണിക്കാവ് ശിവകുമാറും സത്യൻ അന്തിക്കാടുമായിരുന്നു ഇതിലെ ഗാനങ്ങൾ രചിച്ചത്.
അനുപല്ലവിയിലെ എൻസ്വരം പൂവിടും ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃഗത്തിലെ കസ്തൂരിമാൻ മിഴി, സർപ്പത്തിലെ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ, തുടങ്ങി പാശ്ചാത്യശൈലിയിൽ ജോയ് ചിട്ടപ്പെടുത്തിയ മെലഡികൾ ഇന്നും മലയാളികൾക്കു പ്രിയങ്കരമാണ്. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു.
1994 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ദാദ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ച അവസാനചിത്രം.ബുധനാഴ്ച ചെന്നൈയിൽ സംസ്കാരം നടക്കും