പ്രധാനമന്ത്രി വന്നതു കൊണ്ട് ബിജെപി ജയിക്കില്ല,വിഡി സതീശൻ

കോഴിക്കോട്: പ്രധാനമന്ത്രി വന്നതു കൊണ്ട് ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനും മതത്തെയും ആരാധനാലയങ്ങളെയും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനും ശ്രമിക്കുന്ന ബിജെപിയെ കേരളത്തിന്‍റെ മതേതര മനസ് സ്വീകരിക്കില്ല. അവര്‍ വെറുപ്പോടെ തള്ളിക്കളയുമെന്നും വിഡി സതീശൻ പറഞ്ഞു.

കേരളത്തില്‍ ക്രൈസ്തവ ഭവനങ്ങളില്‍ കേക്കുമായി സന്ദര്‍ശനം നടത്തുന്നവര്‍ മറ്റു സംസ്ഥാനങ്ങളില്‍ പള്ളികള്‍ കത്തിക്കുകയും ക്രിസ്മസ് ആരാധനാക്രമങ്ങള്‍ തടസപ്പെടുത്തുകയും പാസ്റ്റര്‍മാരെയും പ്രീസ്റ്റുമാരെയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നവരാണെന്നും വിഡി സതീശൻ വിമർശിച്ചു.

മണിപ്പൂരില്‍ 250ല്‍ അധിക ക്രൈസ്തവ ദേവാലയങ്ങളാണ് കത്തിച്ചത്. ഇത്തരക്കാര്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളായി ക്രിസ്തീയ ഭവനങ്ങളിലെത്തി കേക്ക് നല്‍കിയാല്‍ അത് മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഹുല്‍ ഗന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മതേതരത്വം സംരക്ഷിക്കാനും ജനങ്ങളെ ഒന്നിപ്പിക്കാനുമുള്ള യാത്രയാണത്. വിദ്വേഷ കാമ്പയിന് എതിരെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കാമ്പയിനാണ് ഭാരത് ജോഡോ യാത്ര. ആര് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും അതിന് കോണ്‍ഗ്രസ് അനുവദിക്കില്ല.വിഡി സതീശൻ പറഞ്ഞു.