ബെയ്‌ജിങ് : മധ്യചൈനയിലെ ഹെനാൽ പ്രവശ്യയിലെ യാൻഷാൻപു ഗ്രാമത്തിലെ യിംഗ്‌കായ് ബോർഡിങ് സ്കൂൾ ഡോർമിറ്ററിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി 11 മണിക്ക് തീപിടിത്തമുണ്ടായത്.മരിച്ചവരെല്ലാം ഒൻപതും പത്തും വയസ്സുള്ള മൂന്നാം ക്ലാസിലെ കുട്ടികളാണെന്ന് സ്‌കൂളിലെ ഒരു അധ്യാപകൻ അറിയിച്ചു.
ആഴ്ച അവസാനമായതിനാൽ ഭൂരിഭാഗം കുട്ടികളും വീട്ടിലേക്ക് പോയിരുന്നു. തീപിടിത്തമുണ്ടാകുമ്പോൾ സ്കൂൾ ഡോർമിറ്ററിയിൽ മുപ്പതോളം വിദ്യാർഥികളുണ്ടായിരുന്നു. തീപിടിത്തമുണ്ടായ വിവരം ലഭിച്ചതോടെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി തീയണച്ചെങ്കിലും 13 കുട്ടികൾക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു.
പ്രൈമറി ക്ലാസ് കുട്ടികൾക്കായുള്ള സ്കൂളാണ് യിങ് കായ് എലമെൻ്ററി സ്കൂൾ. തീപിടിത്തത്തിൽ സ്‌കൂളിന്റെ ഡോർമിറ്ററി കെട്ടിടത്തിന്റെ ചില ജനാലകൾ തകർന്നു. പത്തുവർഷമായി ഹെനാൽ പ്രവശ്യയിൽ പ്രവർത്തിക്കുന്ന സ്കൂളിലാണ് അപകടമുണ്ടായത്. മരിച്ചവരെക്കുറിച്ചോ തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.