ഐസ്വാൾ: മ്യാൻമർ സൈനിക വിമാനം മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ തകർന്നുവീണു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പൈലറ്റിനെക്കൂടാതെ 14 പേരുണ്ടായിരുന്നതിൽ ആറ് പേർക്ക് പരിക്കേറ്റതായും എട്ട് പേർ സുരക്ഷിതരായിരിക്കുന്നുവെന്നും മിസോറാം ഡിജിപി അറിയിച്ചു.
അരാക്കൻ വിമതഗ്രൂപ്പുകൾ സൈനിക ക്യാമ്പ് ആക്രമിച്ചതിനെ തുടർന്ന് നൂറുകണക്കിന് മ്യാൻമർ സൈനികർ കഴിഞ്ഞയാഴ്ച മിസോറാമിലെ ലോങ്ട്ലായ് ജില്ലയിൽ അഭയം തേടിയിരുന്നു. അസം റൈഫിൾസിന്റെ കീഴിലാണ് ഇവർ മിസോറാമിൽ തങ്ങിയത്.
വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ മിസോറാമിൽ അഭയം തേടിയ മ്യാൻമർ സൈനികരെ തിരികെ കൊണ്ടുപോകാനായി എത്തിയ വിമാനമാണ് ലാൻഡിങ്ങിനിടെ തകർന്നുവീണത്. പരിക്കേറ്റവരെ ലെങ്പുയിയിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.