സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 24ന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ജോലിക്ക് ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാർക്ക് അന്നേ ദിവസത്തെ ശമ്പളം കിട്ടില്ല.
പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് ബുധനാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് നേരത്തെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ അവധി അടിയന്ത സാഹചര്യങ്ങൾ മാത്രം അനുവദിച്ചാൽ മതി എന്നാണ് ഉത്തരവ്.
ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.