തിരുവനന്തപുരം: കൊല്ലം പരവൂർ കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി. അനീഷ്യയുടെ മരണത്തിൽ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെയാണ് അനീഷ്യ ജീവനൊടുക്കിയത്. അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളില്‍ ജോലിയില്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവധിയെടുത്ത് കേസുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നും സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഭീഷണി ഉണ്ടായെന്ന് അനീഷ്യ ഡയറിയില്‍ എഴുതിയിരുന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്.
നിയമത്തിന്‍റെ പിന്‍ബലത്തില്‍ നീതിയും ന്യായവും മാത്രം പരിഗണിച്ച് സത്യസന്ധതയോടെ ജോലി ചെയ്യാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് സാധിക്കുന്നില്ലെന്ന സ്ഥിതി സാധാരണക്കാരുടെ നീതി നിഷേധിക്കല്‍ കൂടിയാണെന്ന് ഓര്‍ക്കണം. സത്യസന്ധരായ പ്രോസിക്യൂട്ടര്‍മാര്‍ക്ക് തല ഉയര്‍ത്തി നിര്‍ഭയരായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് സ്വന്തം മരണത്തിലൂടെ അനീഷ്യ മുന്നോട്ടുവയ്ക്കുന്നത്.
ഈ നാട്ടിലെ ജനങ്ങള്‍ നീതി തേടി എത്തുന്ന ഭരണഘടനാപരമായ സംവിധാനമാണ് കോടതികള്‍. എന്നാല്‍ നീതിക്കും ന്യായത്തിനും ഒരു പ്രസക്തയും ഇല്ലാത്ത തരത്തില്‍ നീതിന്യായ സംവിധാനത്തിന്റെയും കോടതികളുടെയും സത്യസന്ധമായ പ്രവര്‍ത്തനം രാഷ്ട്രീയ പിന്‍ബലത്തിന്‍റെയും അധികാര പിന്തുണയുടെയും ഹുങ്കില്‍ ചിലര്‍ അട്ടിമറിക്കുന്നെന്ന തുറന്നു പറച്ചിലാണ് അനീഷ്യയുടെ ശബ്ദരേഖയിലുള്ളത്.
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതും അനീഷ്യയുടെ സുഹൃത്തുക്കള്‍ പോലീസിന് രഹസ്യമായി കൈമാറിയതുമായ ശബ്ദസന്ദേശങ്ങള്‍ ഗൗരവത്തിലെടുത്ത് തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്നവരെ അടിയന്തിരമായി ചുമതലകളില്‍ നിന്നും ഒഴിവാക്കണം.സംഭവത്തെ കുറിച്ച് പഴുതടച്ചുള്ള അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യർഥിക്കുന്നതായും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.