കെ.എം മാണി ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്‍റെ അവകാശത്തിന് വേണ്ടി കൂടെ ഉണ്ടാകുമായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതൽക്കൂട്ടാണ് കെ.എം മാണിയുടെ ആത്മകഥ.സ്വന്തം മുന്നണിയിലുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ കെഎം മാണിക്ക് ഉണ്ടാക്കിയ വേദനകളാണ് പുസ്തകത്തിലുള്ളതെന്നും പിണറായി വിജയൻ

മുഖ്യമന്ത്രി പദം മാണിക്ക് നഷ്ടപ്പെടുത്തിയത് സ്വന്തം മുന്നണിയാണ്. ആ വേദന അദ്ദേഹത്തിൻറെ ആത്മകഥയിലുണ്ട്. എതിർ മുന്നണിക്കാർ പോലും ചെയ്യാത്ത കാര്യങ്ങൾ സ്വന്തം മുന്നണിയിൽ നിന്ന് നേരിടേണ്ടി വന്നു. ഫെഡറൽ സംവിധാനം ശക്തമായി നിലനിൽക്കണമെന്ന് വാദിച്ച രാഷ്ട്രീയ നേതാവായിരുന്നു കെ.എം മാണി.മുന്നണി ബന്ധം എങ്ങനെയാകരുതെന്ന പാഠമാണ് പുസ്തകത്തിലൂടെ കെഎം മാണി മുന്നോട്ടുവെക്കുന്നത്.കേന്ദ്രം ഫെഡറൽ സംവിധാനം തകർക്കുമ്പോൾ കെ എം മാണിയുടെ കുറവ് ഏറെ അനുഭവപ്പെടുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്‍റെ അവകാശത്തിന് വേണ്ടി കൂടെ ഉണ്ടാകുമായിരുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ബാര്‍കോഴ ആരോപണ വേളയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കെ.എം മാണിയോട് പ്രതികാരപരമായി പെരുമാറിയെന്ന ആത്മകഥയിലെ പരാമര്‍ശം ചര്‍ച്ചയായി കഴിഞ്ഞു. കെ.എം മാണി ജീവിച്ചിരുന്നപ്പോൾ തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ പുസ്തകത്തിൽ പറഞ്ഞതിനെ കാര്യമാക്കുന്നില്ല. കെ.എം മാണിയുടെ അഭിപ്രായമാണോ മാറ്റാരുടെയെങ്കിലും അഭിപ്രായം ആണോ പുസ്തകത്തിൽ ഉള്ളതെന്ന് നിങ്ങൾക്ക് വ്യാഖ്യാനിക്കാമെന്നും തനിക്കെതിരായ പരാമർശത്തിൽ പുസ്തകമെഴുതി മറുപടി പറയുമെന്നും പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തുവന്നു.