തിരുവനന്തപുരം: പത്മ പുരസ്കാരത്തിന്റെ വാർത്ത പത്രങ്ങളിൽ വായിച്ചപ്പോൾ ആദ്യം ഓർത്തത് മമ്മൂട്ടിയെക്കുറിച്ചായിരുന്നു. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ലെന്നും പത്മ പുരസ്കാരത്തിനു മമ്മൂട്ടിയെ തഴഞ്ഞതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
” ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാൻ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല.
രാജ്യം നൽകുന്ന ആദരമാണ് പത്മ പുരസ്കാരങ്ങൾ. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരം.ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്.
എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ.