ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും,സുരേഷ് ഗോപി

കണ്ണൂര്‍: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയ്ക്കിടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ അടുത്ത തിരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനമായി ഏകീകൃത സിവില്‍ കോഡ് വരും.തിരഞ്ഞെടുപ്പിന് ശേഷം അത് നടപ്പിലാക്കിയെടുക്കും.കെ റെയില്‍ വരുമെന്ന് പറയുന്നത് പോലെയായിരിക്കില്ല അതെന്നും പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടായിരിക്കില്ലെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു.

ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനുള്ള സംവിധാനമായി ഏക സിവില്‍ കോഡിനെ ആരും വിചാരിക്കേണ്ടതില്ല. ആ വിഭാഗത്തിന് തന്നെയാണ് ഇത് വഴി ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുകയെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഏക സിവില്‍ കോഡിന് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യത്തുള്ളത്. മോദി ഭരണത്തില്‍ പ്രീണനവും ജാതിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സ്ത്രീ സമത്വം എന്നത് വന്നിരിക്കുമെന്നും അത് പ്രാവര്‍ത്തികമാക്കാനാണ് നരേന്ദ്ര മോദി വന്നിട്ടുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.