തിരുവനന്തപുരം: പൊലീസ് പ്രവര്‍ത്തനത്തിന്റെ ഓഡിയോ വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയരുതെന്ന് നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പൊലീസിനും പൊതുജനങ്ങള്‍ക്കും പൊലീസ് പ്രവര്‍ത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റെക്കാര്‍ഡുകള്‍ എടുക്കാന്‍ അവകാശമുണ്ടെന്ന് ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് സർക്കുലറിൽ വ്യക്തമാക്കുന്നു.
പൊലീസ് സേനാംഗങ്ങള്‍ പൊതുജനങ്ങളുമായി ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളോട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയില്‍ അഭിസംബോധന ചെയ്യുന്നതായും അധിക്ഷേപത്തോടെയോ അല്ലെങ്കില്‍ സഭ്യതയില്ലാതെയോ സംസാരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരും ജനങ്ങളോട് മാന്യമായി പെരുമാറാന്‍ ബാധ്യസ്ഥരാണെന്നും സഭ്യമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
കഴിഞ്ഞ മാസം പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനും എസ്ഐയും തമ്മിലുള്ള വാഗ്വാദത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പൊലീസുകാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നൽകിയത്.